Monday, July 12, 2010

Mathrubhumi || Wellness - കൗമാരത്തിന്റെ കൈവിട്ട കളികള്‍

കേരളത്തിലെ കുട്ടികളില്‍ വിവാഹത്തിനു മുന്‍പു ഗര്‍ഭിണികളാകുന്ന കൌമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കൊല്ലം ട്രാവങ്കൂര്‍ മെഡിക്കല്‍ കോളജിലെ ലീലാവതി റിപ്പോര്‍ട്ടു ചെയ്യുന്നു. (മാതൃഭൂമി ഡെയ്ലി)

പലേകാരണങ്ങളാണ് ഈ ട്രെന്‍ഡിന്  ഉത്തരവാദികളായി ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നത്.   ഇതില്‍ മാതാപിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാനാകും എന്നുള്ള ചോദ്യത്തിനു താഴെ, എഴുതിയിരിക്കുന്നു:


“കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം കൊടുക്കലും അമിതമായ നിയന്ത്രണവും നല്ലതല്ല. ഈ പഠനത്തില്‍ 74 ശതമാനം കുട്ടികളും മാതാപിതാക്കളുടെ സൂക്ഷ്മനിയന്ത്രവും ശ്രദ്ധയും കിട്ടാതെ വളര്‍ന്നവരായിരുന്നു“.
 ഇത്രയും വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയം ഇതാണ്  അമിതമായ നിയന്ത്രണവും സൂക്ഷ്മനിയന്ത്രണവും തമ്മിലുള്ള വ്യത്യാസമെന്താണ്? അറിയാമെങ്കില്‍ പങ്കു വയ്ക്കൂ. നിങ്ങള്‍ക്കറിയാവുന്നതു മറ്റുള്ളവരും കൂടി മനസിലാക്കട്ടെ.Read more »

Sunday, July 11, 2010

വിവാഹവും ദാമ്പത്യവും

വിവാഹവും ദാമ്പത്യവും-എന്തൊക്കെയാണ് ഇതില്‍ ഇന്നു മലയാളികള്‍ പൊതുവെ അഭിമുഖീകരിക്കുന്നപ്രശ്നങ്ങള്‍ എന്നുള്ള ചോദ്യത്തിന് പെട്ടെന്നൊരുത്തരമില്ല. കാരണം അവ നിരവധിയാണ്.  എങ്കിലും അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നായി തോന്നുന്നത് അനുരൂപവരനെ അല്ലെങ്കില്‍ വധുവിനെ കണ്ടെത്തുകയെന്നതാണ്.  വര്‍ഷങ്ങളോളം മാട്രിമോണിയല്‍ പരസ്യങ്ങളില്‍  പേരു രജിസ്റ്റര്‍ ചെയ്തു നിരാശരായി കാത്തു നില്‍ക്കുന്നവര്‍  തിര്‍ച്ചയായും അതു സമ്മതിക്കും എന്നു തോന്നുന്നു.

ഇവിടെ സൌത്താഫ്രിക്കയില്‍, പലേ മാതാപിതാക്കളേയും, വിവാഹാര്‍ഥികളെയും വളരെ വിഷമിക്കുന്ന ഒരു പ്രശ്നമാണിത്.  പലരും പല തവണ കേരളത്തില്‍ വന്നിട്ടു തിരിച്ചു പോരുന്നത് മക്കള്‍ക്കു ഒരു വിവാഹം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമവുമായാണ്.  ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇപ്പോള്‍ വിവാഹപരസ്യങ്ങളില്‍ ഉണ്ട്, എന്നുള്ളത് പണ്ടത്തേതിനെക്കാള്‍ പെട്ടെന്ന് ഒരു പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുമെന്നു തോന്നുമ്പോഴും അതു കൂടുതല്‍ ബുദ്ധി മുട്ടുള്ളതായി മാറിയിരിക്കുന്നു എന്നുള്ളതാണു പൊതുവെയുള്ള അനുഭവം. ഇതെന്തു കോണ്ടാണ് എന്ന് എല്ലാവരും ചോദിക്കുകയാണ്.

ഇതിനൊരു കാരണം  എന്റെ ഒരു സുഹൃത്ത് തന്റെ  മകളെ ഉദ്ദേശിച്ചു പറയുന്നതിങ്ങനെയാണ്:  പെണ്‍കുട്ടികള്‍ ഇപ്പോള്‍ പണ്ടത്തേതു പോലെ അഛനുമമ്മയും ചുണ്ടിക്കാണിക്കുന്നവരെ വിവാഹം കഴിക്കുന്നതില്‍ കാണിക്കുന്ന വിമുഖത കാണിക്കുന്നു.  അവര്‍ക്കു സ്വന്തമായി അറിയണം വിവാഹം കഴിക്കാന്‍ വരുന്ന വ്യക്തിയേക്കുറിച്ച്; അയാളുടെ സ്വഭാവത്തെ കുറിച്ച്, വ്യക്തിത്വത്തെ കുറിച്ച്.

അതെ, തീര്‍ച്ചയായും നീതികരിക്കാവുന്ന ഒരു ആവശ്യം. പക്ഷെ പ്രശ്നമതല്ല ; വിവാഹം കഴിക്കാന്‍ വരുന്ന വ്യക്തിയെക്കുറിച്ച്  യഥാര്‍ഥത്തില്‍ എങ്ങനെ അറിയും? പരസ്പരമുള്ള  തുറന്ന   സംസാരവും, സംസര്‍ഗവും ആരോഗ്യകരമായ വിധത്തില്‍ എങ്ങനെ നടത്താം എന്നു സ്വയം അറിഞ്ഞുകൂടാത്ത മതാപിതാക്കള്‍ എങ്ങനെ ഇതിനു  മക്കളെ  ശീലിപ്പിക്കും?

നാട്ടിലുള്ളവര്‍ക്കു പലര്‍ക്കും സൌത്താഫ്രിക്കയെ കുറിച്ചറിഞ്ഞു കൂടാത്തതിനാല്‍ പെണ്മക്കളെ ഇങ്ങോട്ടു  വിവാഹം കഴിച്ചയക്കാന്‍ താല്പര്യം കാണിക്കുന്നില്ല എന്നുള്ളത് മറ്റൊരു കാരണമായി ചിലരെങ്കിലും പറയുന്നു

ഇത്തരം മാറ്റങ്ങള്‍ക്കു വിധേയമാകുന്നതു സൌത്താഫ്രിക്കയിലെ മലയാളികള്‍ മാത്രമല്ല. മറ്റു മറു നാടന്‍ മലയാളികളും ഇതേ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. കേരളത്തിലും ഇതേ പ്രശ്നങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ എത്ര അളവില്‍ എന്നുള്ളതു മാത്രമാണ്  അറിഞ്ഞു‍ കൂടാത്തത്.

സൌത്താഫ്രിക്കയിലെ രക്ഷകര്‍ത്താക്കള്‍ ഒരു പരിധിവരെ തങ്ങളുടെ ജാതി-മത- സിദ്ധാന്തങ്ങളും പാരമ്പര്യ   പ്രത്യയശാസ്ത്രങ്ങളും  വിവാഹത്തിലും മറ്റെല്ലാ സാമുദായിക  ചടങ്ങുകളിലും കാത്തു സൂക്ഷിച്ചു ജീവിക്കാന്‍ താല്പര്യപ്പെടുന്നവരാണ്.  മത പരമായി പറഞ്ഞാല്‍, ഇവിടെ ഇപ്പോള്‍ ഇല്ലാത്ത മലയാളി ക്രിസ്ത്യന്‍ ഡിനോമിനേഷനുകളില്ല. അവര്‍ക്കൊക്കെ പള്ളികളും, പുരോഹിതന്മാരും  ഉണ്ട്. ഹിന്ദുക്കള്‍ അംഗ ബലത്തില്‍ ചുരുങ്ങി നില്‍ക്കുന്നതു കൊണ്ടാകാം, ഭജന സംഘങ്ങള്‍ കൊണ്ടു തൃപ്തിപ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ഒരു മുസ്ലീമിനേയും ഞാവിവിടെ കണ്ടിട്ടില്ല.

എന്നാല്‍ അവരുടെ മക്കള്‍ രണ്ടു ലോകത്തു ജീവിക്കുന്നവരാണ്. സൌത്താഫ്രിക്കന്‍ ജീവിതത്തിന്റെ ഹ്യൂമാനിസത്തിലധിഷ്ടിധമായ പുരോഗമന ആശയങ്ങളും ഓപ്പണ്‍നെസ്സും അവര്‍ക്ക് പൊതുവെ പുതിയ ഒരു കാഴച്ചപ്പാടു നല്‍കാന്‍ പര്യാപ്തമാണ്.  പഴമയെ അവര്‍ മറക്കുന്നില്ല എങ്കിലും പഴമയെ അതു പോലെ അംഗീകരിക്കുന്നുമില്ല എന്നു പറയാം.

മക്കളില്‍ നിന്നു മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍  പല രക്ഷകര്‍ത്താക്കളും ഇവിടെ തയ്യാറാകുന്നുമുണ്ട്.  രക്ഷകര്‍ത്താക്കള്‍ ഒരുക്കിയ വിവാഹങ്ങള്‍ വിവാഹ മോചനത്തില്‍ കലാശിക്കുന്നത് പലപ്പോഴും അവര്‍ക്കു പാഠമാകുന്നുണ്ട്.  പരസ്പരം അംഗീകാരവും ബഹുമാനവും സ്നേഹവുമുള്ള ഒരു ജീ‍വിതമാണ് യഥാര്‍ഥ വിവാഹ ജീവിതം എന്നുള്ളത് ആശയ തലത്തിലെങ്കിലും ഇന്നവര്‍ അംഗീകര്‍ക്കുന്നുണ്ട്.

ചുരുക്കമായി ചിലരെങ്കിലും പറഞ്ഞുകേള്‍ക്കുന്നതാണ്, ഞങ്ങള്‍ക്ക് ജാതി ഒരു പ്രശ്നമല്ല, (ഈ അഭിപ്രായം ഹിന്ദുക്കളില്‍ നിന്നു മാത്രമേ കേട്ടിട്ടുള്ളു) പക്ഷെ ജാതി നോക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ ഒരു വീട്ടില്‍ ചെന്നു പെണ്ണൂ ചോദിക്കാന്‍ പറ്റുമോ. (എന്തായിരിക്കും പ്രതികരണം:). തികച്ചും ന്യായമായ ചോദ്യം.

എന്നാല്‍ മാറ്റങ്ങള്‍ പെണ്‍കുട്ടികളില്‍ വരുത്തുന്ന പുതിയ മനോഭാവങ്ങളെ എത്രമാത്രം പൊതുവെ ആളുകള്‍ അംഗീകരിക്കുന്നു എന്നുള്ളത് ഒരു വിഷയമാണ്. ഇതു സൌത്താഫ്രിക്കയില്‍ മാത്രമല്ല. സ്വയം പര്യാപ്തത നേടുന്ന പെണ്‍കുട്ടികള്‍ ഇന്നു പാരമ്പര്യത്തിനെതിരായി, വിവാഹത്തെ തങ്ങളുടെ നിലനില്‍പ്പിനുള്ള  ഒരുപാധിയായി പൊതുവെ കാണുന്നില്ല എന്നു പറയാം.  ഭര്‍ത്താവില്‍ ഒരു തുല്യ പങ്കാളിലെ ആഗ്രഹിക്കുമ്പോള്‍ അതു കെട്ടുറപ്പുള്ള ഒരു ജീവിതത്തെ കുറിച്ചു വ്യക്തമായ ധാരണയുള്ളതു കൊണ്ടു കൂടിയാണ്. സ്നേഹവും സ്വാതന്ത്ര്യവുമുള്ള കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്കു മാത്രമേ ജീവിത്തോടു ആരോഗ്യകരമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകൂ എന്നുള്ളതും അവരുടെ മാറ്റങ്ങള്‍ക്കടിസ്ഥാനമായിട്ടുണ്ട്. എന്നാല്‍ സ്ത്രീധനത്തിന്റെ വലിപ്പത്തില്‍ നേടുന്ന വില അംഗീകരിക്കുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു കോണ്‍ഷ്യന്‍സ് വികാസം ഉണ്ടാകുന്നുണ്ടോ എന്നും സംശയിക്കുന്നു.

ഇവിടെ എന്നോടൊരു രക്ഷകര്‍ത്താവു പറഞ്ഞത്, മകന് 23 വയസില്‍ കൂടിയ പെണ്‍കുട്ടിയെ അവര്‍ക്കു നോട്ടമില്ല എന്നാണു, കാരണം പെണ്‍കുട്ടികള്‍ മുതിരുമ്പോള്‍ സ്വന്തമായ അഭിപ്രായങ്ങള്‍ രൂപീകരിക്കും അതു ശരിയാകില്ല എന്ന്.  ഇവിടെ ഒരു വലിയ പട്ടണത്തില്‍ ഒരു മലയാളി പെണ്‍കുട്ടി വിവാഹമോചനത്തെ നേരിടുകയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഭര്‍ത്താവിന്റെ അഛന്‍ മാത്രം ഇരിക്കാറുള്ള കസേരയില്‍ അവള്‍ കയറി ഇരുന്നു അതാണ് കാരണം,

പരിഹാരങ്ങള്‍?

മുകളില്‍ ഞാന്‍ പറഞ്ഞതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യങ്ങളാണ്.  എന്നാല്‍ എന്താണ് ഇവക്കൊക്കെ പരിഹാരങ്ങള്‍? പെട്ടെന്നു നിര്‍ദ്ദേശിക്കാവുന്ന ഒരു പരിഹാരങ്ങളും ഇല്ല എന്നുള്ളതാണ് സത്യം. പക്ഷെ  പരിഹാരങ്ങള്‍ കണ്ടെത്താവുന്നതാണ്. ജീവിതത്തെക്കുറിച്ചും, ആണിനു പെണ്ണിനെക്കുറിച്ചും, തിരിച്ചും, അവരുടെ വ്യക്തമായ റോളുകളെക്കുറിച്ചും പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞാല്‍ ഇതൊക്കെ പരിഹരിക്കാന്‍ കഴിയും. പക്ഷെ അതെങ്ങനെ സാധിക്കും എന്നുള്ളതാണ് ചോദ്യം. പരസ്പര ബഹുമാനത്തോടു കൂടിയ കമ്യൂണിക്കേഷന്‍സ് അതിലേക്കു വഴിയൊരുക്കണം..

കമ്യൂണിക്കേഷന്‍സ് ഒരു ലൈഫ് സ്കില്‍ ആണ്. മക്കളെ ഈ സ്കില്‍ എങ്ങനെ അഭ്യസിപ്പിക്കാം എന്നുള്ളത് രക്ഷകര്‍ത്താക്കളുടെ ഒരു ചലന്‍‌ജ് ആണ്. കാരണം സ്വന്തം ജീവിതത്തില്‍ അതു പരിശീലിക്കാത്തവര്‍ക്ക് അതു മക്കളെ ശീലിപ്പിക്കാന്‍ എങ്ങനെ കഴിയും?

നമ്മുടെ മറ്റൊരു പ്രശ്നം മലയാളികളുടെ ഒരുതരം ഐലന്‍ഡ് മെന്റാലിറ്റിയാണ്. അതായത്, മറ്റുള്ളവരുടെ പ്രശ്നങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല, എനിക്കാണെങ്കില്‍ പ്രശ്നങ്ങളുമില്ല, കരണം ഞാന്‍, ഇന്ന മതത്തില്‍, ഇന്ന ജാതിയില്‍, ഇന്ന കുടുംബത്തില്‍, ഇന്ന ...ല്‍ ഉള്ളവന്‍/ ഉള്ളവള്‍ ആണ്.  ചിലപ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്, കേരളത്തിലുള്ളവര്‍ അവര്‍ എത്ര വലിയ ദൈവ വിശ്വാസികള്‍ ആണെന്നു പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ അവര്‍ എത്രമാത്രം  ദൈവത്തെ അറിയുന്നു എന്ന്.

എന്നാല്‍, ഇങ്ങനെയൊരു പ്രശ്നം , എനിക്ക്, എന്റെ കുടുംബത്തിന്, എന്റെ സമൂഹത്തിന് ഉണ്ട്, ഉണ്ടാകാം, അതിന്റെ പരിഹാരത്തിലേക്ക് എന്റെ അനുഭവങ്ങളും,  അറിവുകളും, കാഴ്ച്ചപ്പാടുകളും പരിഹാരമായേക്കാം,  എന്നു കരുതുന്നവരുടെ ഒരു ഫോറം രൂപീകരിക്കുന്നതിനു സാദ്ധിക്കുമോ എന്നു ശ്രമിക്കയാണ് എന്റെ ഉദ്ദേശം.

നിങ്ങള്‍ക്ക് ഒരനുഭവം, ഒരറിവ്, അതു പങ്കു വക്കാനുണ്ടങ്കില്‍ അയക്കൂ.  എല്ലാവര്‍ക്കും ഇതില്‍ പങ്കു ചേരാം, രക്ഷകര്‍ത്താക്കള്‍ക്ക്, യുവാക്കാള്‍ക്ക്, യുവതികള്‍ക്ക്, കുട്ടികള്‍ക്ക്, എല്ലാ‍വര്‍ക്കും.

prasannaragh@gmail.com

Read more »